ഇത് നിര്‍മ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂര്‍ണ്ണമാണ്
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സാമൂഹ്യചരിത്രം

സ്വാതന്ത്ര്യത്തിനു മുമ്പ്, ബ്രിട്ടീഷ് രാജാവിന്റെ നേരിട്ടുള്ള ഭരണത്തിനു വിധേയമായിരുന്ന ഏറനാട്ടിലെ രണ്ട് അംശങ്ങളാണ് ഇന്നത്തെ ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്ത് ഉള്‍പ്പെടുന്ന മറ്റത്തൂരും, പുത്തൂരും. രണ്ടംശങ്ങളിലുമുള്ള ഭൂരിഭാഗം ഭൂമിയുടെയും അവകാശം കൈയ്യാളിയിരുന്നത് അന്യപ്രദേശങ്ങളായ പൊന്‍മള അംശത്തിലെ ചണ്ണഴി ഇല്ലം, കരിപ്പോട്ട് മന, കോട്ടക്കല്‍ കോവിലകം, നമ്പൂതിരി കോവിലകം, കുറ്റിപ്പുറം, പണിക്കര്‍ എന്നീ ജന്മികുടുംബങ്ങളും, പുത്തൂരംശത്തിലെ കോട്ടക്കല്‍ കോവിലകം, സാമൂതിരി കോവിലകം, ചെറുകുന്ന് ദേവസ്വം, ചേങ്ങോട്ടൂര്‍ അംശത്തിലെ പുല്ലാനിക്കാട് മന എന്നീ ജന്മികളുമായിരുന്നു. മറ്റത്തൂര്‍ വലിയ ജുമാഅത്ത് പള്ളിക്ക് സുമാര്‍ 500 വര്‍ഷത്തെ പഴക്കം കണക്കാക്കപ്പെടുന്നു. പള്ളിനില്‍ക്കുന്ന സ്ഥലം മലപ്പുറത്തെ നാടുവാഴിയായിരുന്ന പാറനമ്പി നല്‍കിയതാണത്രെ. അതുപോലെ കുന്നത്തെ പട്ടികജാതിക്കാരുടെ ക്ഷേത്രത്തിനു ഭൂമിനല്‍കിയതും പ്രസ്തുത നാടുവാഴിയാണ്. ഇതുമായി ബന്ധപ്പെട്ട് പറഞ്ഞുകേള്‍ക്കുന്ന ഒരു കഥയുണ്ട്. പള്ളി നില്‍ക്കുന്ന സ്ഥലം അമ്പലത്തിനും, അമ്പലം നില്‍ക്കുന്ന സ്ഥലം പള്ളിക്കുമായിരുന്നു ആദ്യം നിശ്ചയിച്ച് നല്‍കിയിരുന്നത്. ആയിടക്ക് പാറനമ്പി കുടുംബത്തിലാര്‍ക്കോ രോഗമുണ്ടായിയെന്നും, അത് ചികിത്സിച്ചുമാറ്റിയത് മറ്റത്തൂരിലെ മഠത്തില്‍ കുടുംബാംഗമായ പാരമ്പര്യ മുസ്ളീം വൈദ്യനായിരുന്നുവെന്നും കേള്‍ക്കുന്നു. അദ്ദേഹത്തിന് എന്ത് പ്രതിഫലമാണ് വേണ്ടതെന്ന് ആരാഞ്ഞ നമ്പിയോട് പുഴയോരത്ത് പള്ളിക്ക് സ്ഥലം കിട്ടിയാല്‍ കൊള്ളാമെന്ന് വൈദ്യര്‍ പറഞ്ഞു. അങ്ങനെയാണ് പള്ളിക്കനുവദിച്ച സ്ഥലം അമ്പലത്തിനും അമ്പലത്തിനനുവദിച്ച സ്ഥലം പള്ളിക്കും പരസ്പരം കൈമാറ്റം ചെയ്യാന്‍ തീരുമാനിക്കുന്നത് എന്നാണ് കഥ. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നേരിട്ടുള്ള ദുര്‍ഭരണത്തിനു വിധേയമായിരുന്ന ഒതുക്കുങ്ങല്‍ ഉള്‍പ്പെട്ട മറ്റത്തൂര്‍, പുത്തൂര്‍ അംശങ്ങളില്‍ വിദേശ മേല്‍ക്കോയ്മക്കും കിരാതവാഴ്ചക്കുമെതിരെ സന്ധിയില്ലാ സമരം നയിച്ച വ്യക്തികളാണ് ഇവിടുത്തെ മുസ്ളീം സമൂഹം. അവരെ ഒതുക്കുന്നതിനായി “മാപ്പിള ഔട്ട്റേജസ് ആക്ട്” പോലെയുള്ള ഭീകരനിയമങ്ങള്‍ ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിക്കൊണ്ട് ഈ പ്രദേശത്തെ ഞെരിച്ചമര്‍ത്തി. അതിന്റെ ഭാഗമായി അക്കാലത്ത് മറ്റത്തൂര്‍ എന്ന കുഗ്രാമത്തിലുണ്ടായിരുന്ന പോലീസ് ഔട്ട് പോസ്റ്റിന്റെ അവശിഷ്ടങ്ങള്‍ ഇന്നുമുണ്ട്. 1920-21 കാലത്ത് കൈപ്പറ്റ പ്രദേശത്ത് “ദൌലത്ത് സഭ” എന്ന പേരില്‍ ഒരു സംഘം പ്രവര്‍ത്തിച്ചിരുന്നു. ഇവരുടെ പ്രവര്‍ത്തനം ഭൂമികൈയേറ്റവും അക്രമവുമായി തീര്‍ന്നപ്പോള്‍ അതില്‍നിന്ന് രക്ഷനേടാന്‍ ചില മാപ്പിളകര്‍ഷകര്‍ തങ്ങളുടെ ഭൂമിയുടെ അവകാശം കുറ്റിപ്പുറം പണിക്കരെ ഏല്‍പ്പിച്ചു. കൊല്ലത്തില്‍ ഒരുകുല തേങ്ങ മാത്രമാണ് പണിക്കര്‍ ജന്മം പിരിച്ചിരുന്നത്. മാപ്പിള കര്‍ഷകര്‍ തങ്ങളുടെ ഭൂമി കുറ്റിപ്പുറം പണിക്കരെ ഏല്‍പ്പിച്ചത് സുരക്ഷക്ക് വേണ്ടി പരസ്പരവിശ്വാസത്തിന്റെയും സൌഹാര്‍ദ്ദത്തിന്റെയും പേരിലാണ്. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നടന്ന പ്രസ്ഥാനങ്ങളില്‍ ഭാഗഭാക്കാവുകയും കഷ്ടനഷ്ടങ്ങള്‍ അനുഭവിക്കേണ്ടി വരികയും ചെയ്ത പ്രദേശങ്ങളാണ് മറ്റത്തൂരും പുത്തൂരും. 1921-ലെ കലാപകാലത്ത് മറ്റത്തൂരിലെ കുറെ യുവാക്കളെ മലപ്രം തുക്കിടി സായിപ്പിന്റെ ഉത്തരവു പ്രകാരം കോടതിയില്‍ ഹാജരാക്കുന്നതിനു കൊണ്ടുപോയി. അക്കൂട്ടത്തില്‍ പതിനെട്ടു വയസ്സു മാത്രമുള്ള ഇല്ലിക്കോട്ടില്‍ അലവി എന്ന യുവാവ് പാതിരാത്രിയില്‍ പാറാവുകാരന്റെ തോക്കും രണ്ട് സഞ്ചി തിരകളും തട്ടിയെടുത്ത് അതിസാഹസികമായി രക്ഷപ്പെട്ടത് ബ്രിട്ടീഷാധിപത്യത്തിനേറ്റ അടിയായിരുന്നു. ആ സംഭവത്തോടെ  ബ്രിട്ടീഷ് പട്ടാളത്തിന്റെ കൊടിയ മര്‍ദ്ദനത്തിനും കൊള്ളിവെയ്പിനും ഈ പ്രദേശങ്ങള്‍ ഇരയായി. ദേശീയപ്രസ്ഥാനത്തിന്റെ സന്ദേശവുമായി മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് ഈ പ്രദേശം സന്ദര്‍ശിക്കുക പതിവായിരുന്നു. മഞ്ഞക്കണ്ടന്‍ അവറുമാസ്റ്റര്‍, വാഴയില്‍ ഉമ്മിണിക്കടവത്ത് (കുഴിങ്ങര) മൊയ്തീന്‍, കുരുണിയന്‍ ബാപ്പുട്ടി മുതലായവര്‍ അദ്ദേഹത്തിന്റെ വിശ്വസ്ത അനുയായികളായിരുന്നു. മറ്റത്തൂരിലെ മുനമ്പത്ത്, ഒരു ഏകാധ്യാപക പെണ്‍പള്ളിക്കൂടം പ്രവര്‍ത്തിച്ചിരുന്നു. 1919 ആയപ്പോഴേക്കും അതിന്റെ പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്ന് അതിലെ വിദ്യാര്‍ത്ഥികളെയും മറ്റത്തൂരങ്ങാടിയിലുണ്ടായിരുന്ന സ്കൂളിലെ വിദ്യാര്‍ത്ഥികളെയും ചേര്‍ത്ത് 1920-ല്‍ ആരംഭിച്ചതാണ് തെക്കുംമുറിയിലെ മറ്റത്തൂര്‍ നോര്‍ത്ത് എ.എം.എല്‍.പി.സ്കൂള്‍. 1968-ലാണ് ഒതുക്കുങ്ങല്‍ പ്രദേശത്ത് ഒരു ഹൈസ്കൂള്‍ എന്ന സ്വപ്നം പൂവണിയുന്നത്. പ്രസ്തുത ഹൈസ്കൂളടക്കം പല പ്രധാന സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നത് കുരുണീയന്‍ മുഹമ്മദാജി എന്ന മഹാമനസ്കന്‍ സൌജന്യമായി നല്‍കിയ സ്ഥലത്താണ്. 1961-മുതല്‍ പ്രശസ്തമായ രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന അറബിക്കോളേജാണ് ഒതുക്കുങ്ങല്‍ മഖ്ദുമാബാദ് തഇഹ്യാ ഉസ്സുന്ന. ഒതുക്കുങ്ങല്‍ പഞ്ചായത്ത് ഒരു കാര്‍ഷികമേഖലയാണ്. ഭൂരിഭാഗം കുടുംബങ്ങളും കൃഷിയെയും അതിനോടനുബന്ധിച്ച ജോലികളെയും ആശ്രയിച്ചാണ് കഴിയുന്നത്. മറ്റത്തൂര്‍ ചാലിപാടം, ആളായിപാടം, ചെറുകുന്ന് പാടം, പുത്തൂര്‍ പാടം, ആട്ടീരി പാടം, അത്തിക്കോട് പാടം എന്നിവ ഈ പഞ്ചായത്തിലെ പ്രധാന വയലുകളാണ്. 1980 വരെ വയലായിരുന്ന എരണിപാടം ഇന്ന് തോട്ടമായി മാറിയിരിക്കുന്നു. ഈ പ്രദേശത്തെ പ്രധാന കൃഷി നെല്ല്, തെങ്ങ്, കവുങ്ങ്, വെറ്റില, ഇഞ്ചി, മഞ്ഞള്‍ എന്നിവയാണ്. വയലുകള്‍ തോട്ടമാക്കി മാറ്റി തെങ്ങ്, കവുങ്ങ് മുതലായവയുടെ കൃഷിക്കായി ഉപയോഗിക്കുന്ന പ്രവണതയാണ് ഇന്നു കാണുന്നത്. നെല്‍കൃഷിക്ക് മുന്‍കാലങ്ങളില്‍ നാടന്‍ വിത്തിനങ്ങളായ വെള്ളരി, ആര്യന്‍, തെക്കന്‍ ചീര, കൂട്ടുമുണ്ടകന്‍ മുതലായവയായിരുന്നു ഉപയോഗിച്ചിരുന്നത്. 1960-കളിലെ രൂക്ഷമായ ഭക്ഷ്യക്ഷാമത്തെത്തുടര്‍ന്ന് അത്യുല്‍പാദന ശേഷിയുള്ള വിത്തിനങ്ങളും രാസവളങ്ങളും ഉപയോഗിക്കാന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ക്ക് കീടനാശിനികളെ ആശ്രയിക്കേണ്ടി വന്നുതുടങ്ങി. ഈ പഞ്ചായത്തിലൂടെ കടന്നു പോകുന്ന തിരൂര്‍ മഞ്ചേരി റോഡല്ലാതെ മറ്റ് ഗതാഗത മാര്‍ഗ്ഗങ്ങളൊന്നും 1946 കാലഘട്ടത്തില്‍ ഉണ്ടായിരുന്നില്ല. പിന്നീട് 1955-നു ശേഷമാണ് അന്നത്തെ മറ്റത്തുര്‍ പഞ്ചായത്തിലെ ആദ്യത്തെ റോഡായ ഒതുക്കുങ്ങല്‍ - മറ്റത്തൂര്‍ റോഡ് രൂപം കൊണ്ടത്. 1950-കളുടെ ആരംഭത്തില്‍ മദിരാശി മുഖ്യമന്ത്രിയായ കാമരാജ് നാടാര്‍ ഒതുക്കുങ്ങല്‍ സന്ദര്‍ശിക്കുകയുണ്ടായി. അന്ന് നല്‍കിയ നിവേദനത്തിന്റെ ഫലമായാണ് ഇന്ന് ഊരകം പഞ്ചായത്തില്‍ പെട്ട കോട്ടുമല ഉള്‍പ്പെടുന്ന പ്രദേശം മറ്റത്തൂര്‍ പഞ്ചായത്തായി മാറിയത്.

സാംസ്കാരികചരിത്രം

മറ്റത്തൂര്‍ വലിയ ജുമാഅത്ത് പള്ളിക്ക് സുമാര്‍ 500 വര്‍ഷത്തെ പഴക്കം കണക്കാക്കപ്പെടുന്നു. പള്ളിനില്‍ക്കുന്ന സ്ഥലം മലപ്പുറത്തെ നാടുവാഴിയായിരുന്ന പാറനമ്പി നല്‍കിയതാണത്രെ. അതുപോലെ കുന്നത്തെ പട്ടികജാതിക്കാരുടെ ക്ഷേത്രത്തിനു ഭൂമി നല്‍കിയതും പ്രസ്തുത നാടുവാഴിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പറഞ്ഞുകേള്‍ക്കുന്ന ഒരു കഥയുണ്ട്. പള്ളി നില്‍ക്കുന്ന സ്ഥലം അമ്പലത്തിനും, അമ്പലം നില്‍ക്കുന്ന സ്ഥലം പള്ളിക്കുമായിരുന്നു ആദ്യം നിശ്ചയിച്ച് നല്‍കിയിരുന്നത്. ആയിടക്ക് പാറനമ്പി കുടുംബത്തിലാര്‍ക്കോ രോഗമുണ്ടായിയെന്നും അത് ചികിത്സിച്ചുമാറ്റിയത് മറ്റത്തൂരിലെ മഠത്തില്‍ കുടുംബാംഗമായ പാരമ്പര്യ മുസ്ളീം വൈദ്യനായിരുന്നുവെന്നും കേള്‍ക്കുന്നു. അദ്ദേഹത്തിന് എന്ത് പ്രതിഫലമാണ് വേണ്ടതെന്ന് ആരാഞ്ഞ നമ്പിയോട് പുഴയോരത്ത് പള്ളിക്ക് സ്ഥലം കിട്ടിയാല്‍ കൊള്ളാമെന്ന് വൈദ്യര്‍ പറഞ്ഞു. അങ്ങനെയാണ് പള്ളിക്കനുവദിച്ച സ്ഥലം അമ്പലത്തിനും അമ്പലത്തിനനുവദിച്ച സ്ഥലം പള്ളിക്കും പരസ്പരം കൈമാറ്റം ചെയ്യാന്‍ തീരുമാനിക്കുന്നത് എന്നാണ് കഥ. കലയുടെയും കായികവിനോദങ്ങളുടെയും സാംസ്കാരിക സവിശേഷതകളുടേയും കാര്യത്തില്‍ മറ്റത്തൂരംശവും പുത്തൂരംശവും പരസ്പരം വൈവിധ്യം പുലര്‍ത്തുന്നു. മറ്റത്തൂരിലെ കൈപ്പറ്റ പണ്ടു മുതലേ പണ്ഡിത ശ്രേഷ്ഠന്മാര്‍ ജീവിച്ചിരുന്ന പ്രദേശമാണ്. മറ്റത്തൂര്‍ മണല്‍പുറത്ത് പഴയകാലത്ത് പടാളിത്തല്ല് മത്സരം അരങ്ങേറിയിരുന്നു. ഇവിടുത്തെ മറ്റൊരു വിനോദം കാളപ്പൂട്ട് - ഊര്‍ച്ച മത്സരങ്ങളാണ്. മറ്റത്തൂര്‍, തെക്കുംമുറി, പുത്തൂര്‍പാടം എന്നിവിടങ്ങളില്‍ കാളപൂട്ടുമത്സരങ്ങളും മറ്റത്തൂര്‍, അത്തിക്കോട്, പുത്തൂര്‍ എന്നിവിടങ്ങളില്‍ ഊര്‍ച്ചമത്സരങ്ങളും നടന്നിരുന്നു. മറ്റത്തൂരംശം മാപ്പിളകലയായ കോല്‍ക്കളിക്ക് പ്രസിദ്ധമാണ്. ചെറുകുന്ന് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ചുടിമുട്ടുവേലയോടനുബന്ധിച്ച് നടക്കാറുണ്ടായിരുന്ന ചവിട്ടുകളി, ആശാരിസമൂഹത്തിന്റെ പരിചമുട്ട് എന്നിവ ഉത്സവങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും പതിവായി അവതരിപ്പിച്ചിരുന്ന നാടന്‍ കലകളാണ്. മഹാനായ മാപ്പിള മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ പ്രസിദ്ധമായ ബദര്‍കിസ്സപ്പാട്ടിന്റെ എഡിറ്റിംഗ് നിര്‍വ്വഹിച്ച കൂനാരി പെഴുന്തറ മുഹമ്മദ് മുസ്ള്യാര്‍ ഈ പ്രദേശത്തുകാരനാണ്. ഗ്രന്ഥകാരനും പണ്ഡിതശ്രേഷ്ഠനുമായിരുന്ന കൈപ്പറ്റ മമ്മുട്ടി മുസ്ള്യാര്‍, കൈപ്പറ്റ ബീരാന്‍ കുട്ടി മുസ്ള്യാര്‍ തുടങ്ങിയവരും ഈ പ്രദേശം ജന്മം നല്‍കിയ പ്രഗത്ഭരായിരുന്നു. വേനല്‍ക്കാലം നേര്‍ച്ചകളുടെയും വേലകളുടെയും കാലമാണ്. തോട്ടക്കോട് നേര്‍ച്ച, ബീമാമാന്റ നേര്‍ച്ച, ചേക്കത്തില്‍ നേര്‍ച്ച എന്നിവ മറ്റത്തൂരംശത്തിലെ പ്രസിദ്ധ നേര്‍ച്ചകളാണ്. നേര്‍ച്ചകളോടനുബന്ധിച്ച് പെട്ടിവരവുണ്ടാകും. പെട്ടിവരവേല്‍പ്പിന് ഗജവീരന്മാരുടെ അകമ്പടിയുണ്ടാകും. ബാന്റ് വാദ്യങ്ങളും, കോല്‍ക്കളി, ദഫ്മുട്ട് തുടങ്ങിയ നാടന്‍കലാരൂപങ്ങളും, കരിമരുന്ന് പ്രയോഗങ്ങളും പെട്ടിവരവിനു കൊഴുപ്പേകും. കുരുണിയപ്പറമ്പിലെ കുട്ടന്‍കോവില്‍ ഉത്സവം, പുത്തൂര്‍ പൂളക്കലെ കലങ്കരി ഉത്സവം, കണക്ക സമുദായത്തിന്റെ കുന്നത്തുവേല, അറിച്ചോളിലെ പറയരുടെ വേല, കുംഭാര സമുദായത്തിന്റെ മാരിയമ്മന്‍ കോവില്‍ ഉത്സവം, ചെറുകുന്ന് ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം, ആട്ടീരിയിലെ കലങ്കരി ഉത്സവം, ചരല്‍ക്കുന്നിലെ കലങ്കരി ഉത്സവം, മറ്റത്തൂരിലെ പെരുങ്കൊല്ലന്മാരുടെ തേര്‍പൂജ എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ഉത്സവങ്ങളായി വര്‍ഷങ്ങളായി ആചരിച്ചു വരുന്നത്.